കാൽഗറിയിലെ മൂന്ന് 'മോബിൽ' പെട്രോൾ പമ്പുകളിൽ നിന്ന് 10,000 ലിറ്ററോളം ഡീസൽ മോഷ്ടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭൂഗർഭ ടാങ്കുകളിൽ നിന്ന് നേരിട്ട് ഇന്ധനം ചോർത്തിയെടുത്ത് നടത്തിയ മോഷണത്തിൽ കമ്പനിക്ക് ഏകദേശം 20,000 ഡോളറിൻ്റെ നഷ്ടമുണ്ടായിട്ടുണ്ട്.
കാനഡയിലുടനീളം പ്രവർത്തിക്കുന്ന 'ബി.ജി ഫ്യുവൽസ്' എന്ന മൊത്തവ്യാപാര കമ്പനിയുടെ പമ്പുകളിലാണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മോഷണം നടന്നത്. പമ്പ് അടഞ്ഞുകിടന്ന പുലർച്ചെ നാല് മണിയോടെ വലിയൊരു ട്രക്കിലെത്തിയ സംഘം ഏകദേശം 25 മിനിറ്റ് കൊണ്ടാണ് ആദ്യ തവണ 8,000 ലിറ്ററോളം ഡീസൽ കടത്തിയത്. പിന്നീട് നടന്ന ശ്രമങ്ങളിൽ ഒന്നിൽ 50 ലിറ്ററും അവസാനത്തെ മോഷണത്തിൽ 2,000 ലിറ്ററോളം ഡീസലും അപഹരിക്കപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മൂന്ന് കവർച്ചകൾക്ക് പിന്നിലും ഒരേ സംഘം തന്നെയാണെന്നാണ് കമ്പനി സംശയിക്കുന്നത്.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മോഷണമായതിനാൽ പമ്പ് ജീവനക്കാരെല്ലാം വലിയ ആശങ്കയിലാണെന്ന് ബി.ജി ഫ്യുവൽസ് മാനേജർ സാം ബാബ്‌കോക്ക് പറഞ്ഞു. ഇത്രയും വലിയ അളവിൽ ഇന്ധനം സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്യുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്ന് കാൽഗറി പോലീസ് അറിയിച്ചു. സാധാരണ കണ്ടുവരാറുള്ള ചെറിയ ഇന്ധന മോഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തരത്തിൽ വൻതോതിൽ ഭൂഗർഭ ടാങ്കുകളിൽ നിന്ന് നേരിട്ട് ഡീസൽ മോഷ്ടിക്കുന്നത് അപൂർവ്വമാണെന്ന് പോലീസ് പറഞ്ഞു. വിലക്കുറവിൽ ഇന്ധനം ലഭിക്കുമ്പോൾ അത് മോഷ്ടിക്കപ്പെട്ടതാണെന്ന് അറിഞ്ഞിട്ടും വാങ്ങുന്നത് ജനങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്നും, പമ്പുകളിൽ കൂടുതൽ സെക്യൂരിറ്റിയും അലാറം സിസ്റ്റങ്ങളും സ്ഥാപിക്കുന്നത് കവർച്ച തടയാൻ സഹായിക്കുമെന്നും പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.